വാര്‍ത്തകള്‍

 

ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ വരാപ്പുഴ മെത്രാപ്പോലീത്തയായി അഭിഷിക്തനായി


കൊച്ചി: പ്രാര്‍ത്ഥനാ ഗീതികള്‍ മനസ്സിനെ നിര്‍മലമാക്കിയ വിശുദ്ധ സായാഹ്നത്തില്‍ വരാപ്പുഴ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അഭിഷിക്തനായി. സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍, ഉയര്‍ക്കപ്പെട്ട ക്രിസ്തുനാഥന്റെ കമനീയ രൂപത്തിനു കീഴിലായി നടന്ന അഭിഷേക കര്‍മങ്ങള്‍ക്ക് കര്‍ദിനാള്‍ ഡോ. ടെലസ്‌ഫോര്‍ ടോപ്പോ മുഖ്യ കാര്‍മികത്വം വഹിച്ചു. മെത്രാപ്പോലീത്തമാരും ബിഷപ്പുമാരും വൈദിക ശ്രേഷ്ഠരും സന്ന്യാസവര്യന്മാരുമടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു.

കര്‍ദിനാള്‍ ഡോ. ടെലസ്‌ഫോര്‍ ടോപ്പോയ്‌ക്കൊപ്പം ആല്‍ബര്‍ട്‌സ് മൈതാനിയിലെത്തിയ നിയുക്ത മെത്രാപ്പോലീത്തയെ 105 അംഗ ഗായകസംഘം ആശംസാഗീതത്തോടെ വരവേറ്റു. പൂക്കൂടകളുമായി നൂറുകണക്കിന് കുട്ടികള്‍ അണിനിരന്ന പ്രദക്ഷിണവഴിയിലൂടെ വേദിയിലേക്കെത്തിയ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിനെ മുന്നൂറോളം വൈദികരും മെത്രാന്മാരും മെത്രാപ്പോലീത്തമാരും അനുഗമിച്ചു.

ഫ്രാന്‍സിസ് കല്ലറയ്ക്കലിനെ മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ടുള്ള ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഉത്തരവ് കര്‍ദിനാള്‍ ടോപ്പോയുടെ നിര്‍ദേശപ്രകാരം ചാന്‍സലര്‍ ഫാ. വര്‍ഗീസ് വലിയപറമ്പില്‍ വായിച്ചു. കൈയടിച്ചും ദൈവജനത്തിന് സ്തുതിയെന്ന് പ്രഘോഷിച്ചും വിശ്വാസ സമൂഹം ഇതിനെ സ്വാഗതം ചെയ്തു.

തുടര്‍ന്ന് മുഖ്യ കാര്‍മികനായ കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിനെ നിയുക്ത മെത്രാപ്പോലീത്തയുടെ സിംഹാസനത്തിലേക്ക് ആനയിച്ച് ഉപവിഷ്ടനാക്കുകയും അജപാലനാധികാരത്തിന്റെ പ്രതീകമായ അംശവടി കൈമാറുകയും ചെയ്തു.

അതിരൂപതയിലെ വൈദികര്‍ മെത്രാപ്പോലീത്തയുടെ സമക്ഷമെത്തി കൈമുത്തി ആദരവും അനുസരണവും പ്രഖ്യാപിച്ചു. തുടര്‍ന്ന് സന്ന്യസ്തരുടെയും വിശ്വാസികളുടെയും പ്രതിനിധികളും പുതിയ മെത്രാപ്പോലീത്തയെ വന്ദിച്ച് ആദരവും അനുസരണവും പ്രഖ്യാപിച്ചു. തീര്‍ത്ഥജലം ആശീര്‍വദിച്ച് പുതിയ മെത്രാപ്പോലീത്ത ദൈവജനത്തിനുമേല്‍ തെളിച്ചു. തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് കല്ലറയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി നടന്നു.

ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം വചനസന്ദേശം പങ്കുവെച്ചു. കാഴ്ചവെപ്പില്‍ വിശ്വാസികളുടെ പ്രതിനിധികള്‍ക്കൊപ്പം നവ മെത്രാപ്പോലീത്തയുടെ സഹോദരി സിസ്റ്റര്‍ റേച്ചലും സഹോദരന്‍ ആന്റണി കല്ലറയ്ക്കലും പങ്കുചേര്‍ന്നു.

ദിവ്യബലിയുടെ സമാപനത്തില്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ജനമദ്ധ്യത്തിലേക്കിറങ്ങി വിശ്വാസികളെ ആശീര്‍വദിച്ചു.

ദിവ്യബലിയെ തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ, ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് തുടങ്ങിയവര്‍ സംസാരിച്ചു. അതിരൂപത അഡ്മിനിസ്‌ട്രേറ്ററായി ചുമതല വഹിച്ചിരുന്ന ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി ചടങ്ങുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി.

ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ കാലം ചെയ്തതിനെ തുടര്‍ന്ന് കോട്ടപ്പുറം ബിഷപ്പായിരുന്ന ഫ്രാന്‍സിസ് കല്ലറയ്ക്കലിനെ പുതിയ മെത്രാപ്പോലീത്തയായി മാര്‍പാപ്പ പ്രഖ്യാപിക്കുകയായിരുന്നു.

കോട്ടപ്പുറം കല്ലറയ്ക്കല്‍ ജോസഫിന്റെയും ബ്രിജീത്തയുടെയും ഏഴു മക്കളില്‍ ഇളയവനായി 1941 ഒക്ടോബര്‍ 10-നാണ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ജനിച്ചത്.

1956 മെയ് ഒന്‍പതിന് മൈനര്‍ സെമിനാരിയില്‍ അംഗമായി. 1968 ജൂണ്‍ 29 ന് പൗരോഹിത്യം സ്വീകരിച്ചു. 1987 ആഗസ്ത് ഒന്നിനാണ് കോട്ടപ്പുറം മെത്രാനായി നിയമിക്കപ്പെട്ടത്. കഴിഞ്ഞ ഫിബ്രവരി 20 നാണ് വരാപ്പുഴ മെത്രാപ്പോലീത്തയായി നിശ്ചയിച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്.

കല്ലറയ്ക്കല്‍ പിതാവിന് കോട്ടപ്പുറം രൂപതയുടെ ചുമതല


കൊച്ചി: കോട്ടപ്പുറം രൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വരാപ്പുഴ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന് നല്‍കി. സ്ഥാനാരോഹണ ചടങ്ങിന്റെ സമാപനത്തില്‍ വത്തിക്കാന്‍ പ്രതിനിധി മോണ്‍. ഡോ. വിബുയ്ക്ക ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. 23 വര്‍ഷം കോട്ടപ്പുറം ബിഷപ്പായി സേവനംചെയ്ത ഫ്രാന്‍സിസ് കല്ലറയ്ക്കലിന് പകരക്കാരനെ ഉടന്‍ നിയമിക്കില്ലെന്ന സൂചനയാണ് സഭാകേന്ദ്രങ്ങള്‍ നല്‍കുന്നത്.

വൈദ്യുതിനിരക്ക് വര്‍ധന : എട്ടു മുതല്‍ 55 ശതമാനംവരെ

തിരുവനന്തപുരം: യൂണിറ്റിന് 25 പൈസ സര്‍ച്ചാര്‍ജും 300 യൂണിറ്റിനു മുകളിലുള്ള അധികവൈദ്യുതിക്ക് 7.25 രൂപ യൂണിറ്റ് വിലയും നിലവില്‍ വന്നതോടെ സംസ്ഥാനത്തെ ഗാര്‍ഹിക ഉപയോക്താക്കളുടെ വൈദ്യുതിനിരക്ക് എട്ടു മുതല്‍ 56 വരെ ശതമാനം വര്‍ധിച്ചു. സ്ലാബടിസ്ഥാനത്തിലുള്ള വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ഉണ്ടാവുന്നതിനെക്കാള്‍ കനത്ത ആഘാതമാണ് ഇപ്പോള്‍ സര്‍ച്ചാര്‍ജിലൂടെ ഉണ്ടായിരിക്കുന്നത്. ഇത് സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമെന്നുറപ്പാണ്.

പല സ്ലാബുകളിലായാണ് സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഒന്നു മുതല്‍ 40 വരെ യൂണിറ്റിന് 1.15 രൂപയും 41 മുതല്‍ 80 വരെ യൂണിറ്റിന് 1.90 രൂപയും 81 മുതല്‍ 120 വരെ യൂണിറ്റിന് 2.40 രൂപയും 121 മുതല്‍ 150 വരെ യൂണിറ്റിന് 3.00 രൂപയും 151 മുതല്‍ 200 വരെ യൂണിറ്റിന് 3.65 രൂപയുമാണ് ഗാര്‍ഹിക ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. 201 മുതല്‍ 300 വരെ യൂണിറ്റിന് 4.30 രൂപയും 301 മുതല്‍ 500 വരെ യൂണിറ്റിന് 5.30 രൂപയും 501 മുതല്‍ മുകളിലേക്ക് 5.45 രൂപയുമാണ് വില.

ഈ നിരക്കില്‍ നോക്കുമ്പോള്‍ പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നയാളിന് രണ്ടു മാസത്തിലൊരിക്കല്‍ വരുന്ന ബില്‍ പ്രകാരം വൈദ്യുതിയുടെ വില മാത്രം 340 രൂപയാണ്. മാസം 200 യൂണിറ്റ് ഉപയോഗിക്കുന്നയാളിന് 981 രൂപയും 300 യൂണിറ്റ് ഉപയോഗിക്കുന്നയാളിന് 1841 രൂപയും വില നല്‍കണം. എന്നാല്‍ സര്‍ച്ചാര്‍ജ് വരുമ്പോള്‍ 100 യൂണിറ്റിന് 390 രൂപയും 200 യൂണിറ്റിന് 1081 രൂപയും 300 യൂണിറ്റിന് 1991 രൂപയുമായി വില വര്‍ധിക്കും. 300 യൂണിറ്റ് ഉപയോഗിക്കുന്നയാള്‍ക്കുണ്ടാവുന്ന വര്‍ധന എട്ടു ശതമാനമാണെങ്കില്‍ 200 യൂണിറ്റ് ഉപയോക്താവിന് 10 ശതമാനവും 100 യൂണിറ്റ് ഉപയോഗിക്കുന്നയാളിന് 15 ശതമാനവുമാണ് നിരക്കുവര്‍ധന. വൈദ്യുതിയുടെ വിലയ്ക്കുപുറമേ നല്‍കേണ്ട 10 ശതമാനം നികുതിയിലും ആനുപാതികമായ വര്‍ധനയുണ്ടാവും.

പ്രതിമാസം 300 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഭീമമായ വര്‍ധനയാണ്. ആകെയുള്ള 76 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കളില്‍ 300 യൂണിറ്റിലേറെ വൈദ്യുതി ഉപയോഗിക്കുന്നത് 65,000 പേരാണ്. 310 യൂണിറ്റ് വൈദ്യുതിക്ക് നിലവിലുള്ള താരിഫ് പ്രകാരമുള്ള വില 1947 രൂപയാണ്. എന്നാല്‍, 300 യൂണിറ്റ് വരെയുള്ള സര്‍ച്ചാര്‍ജും അധിക വൈദ്യുതിക്കുള്ള വിലയും കൂടി വരുമ്പോള്‍ ഇത് 2242 രൂപയാകും. നിരക്കുവര്‍ധന 16 ശതമാനമാണ്. 325 യൂണിറ്റിന്റെ വില 2106 രൂപയില്‍ നിന്ന് 25 ശതമാനം വര്‍ധനയുമായി 2618.50 രൂപയായും 350 യൂണിറ്റിന്റെ വില 2371 രൂപയില്‍ നിന്ന് 37 ശതമാനത്തിന്റെ വര്‍ധനയുമായി 3246 രൂപയായും മാറും. 400 യൂണിറ്റ് ഉപയോഗിക്കുന്നവരുടെ വിലയില്‍ 55 ശതമാനത്തിന്റെ വര്‍ധനയാണുണ്ടാവുക. നിലവിലുള്ള വിലയായ 2901 രൂപ ഒറ്റയടിക്ക് 4501 രൂപയിലെത്തും. ഇത്തരത്തില്‍ വൈദ്യുതിഉപയോഗം വര്‍ധിക്കുന്നതിനൊപ്പം നിരക്കുവര്‍ധനയുടെ തോതും ഉയരും.

 

മാവോവാദി ആക്രമണം: 75 സുരക്ഷാഭടന്മാര്‍ മരിചു.

റായ്പൂര്‍: രാജ്യത്തെ നടുക്കിക്കൊണ്ട് ഛത്തീസ്ഗഢിലെ ദന്തെവാഡ ജില്ലയില്‍ മാവോവാദികള്‍ നടത്തിയ അതിശക്തമായ ആക്രമണത്തില്‍ മലയാളി ഉള്‍പ്പടെ 76 സുരക്ഷാഭടന്മാര്‍ മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സി.ആര്‍.പി.എഫ്. ജവാനായ പെരുമ്പാവൂര്‍ ഐരാപുരം ഈരോത്ത് വീട്ടില്‍ കൃഷ്ണന്‍ നായരുടെ മകന്‍ കെ. രാജേഷ് (29) ആണ് മരിച്ച മലയാളി.

സുരക്ഷാസേനയ്ക്കുനേരെ മാവോവാദികളുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങളില്‍ ഏറ്റവും മാരകമായതാണ് ചൊവ്വാഴ്ച രാവിലെ ദന്തെവാഡയിലെ ചിന്തല്‍നര്‍ മുക്രാന വനമേഖലയില്‍ നടന്നത്. മരിച്ച 75 പേര്‍ സി.ആര്‍.പി.എഫ്. ഭടന്മാരും ഒരാള്‍ പോലീസ് ഹെഡ്‌കോണ്‍സ്റ്റബിളുമാണ്.

സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആഭ്യന്തരമന്ത്രി പി. ചിദംബരവുമായി അടിയന്തരചര്‍ച്ച നടത്തി. സുരക്ഷാസേനയുടെ നടപടിയില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മാവോവാദികളുടെ കെണിയിലേക്ക് അവര്‍ ചെന്നു കയറിയതാണോയെന്ന് സംശയമുണ്ടെന്നും ചിദംബരം പറഞ്ഞു. വൈകിട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മാവോവാദികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.

മാവോവാദികള്‍ക്കെതിരായ 'ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടി'ന്റെ ഭാഗമായി സംയുക്തസേനാ നടപടിയിലേര്‍പ്പെട്ടവരാണ് ആക്രമണത്തിനിരയായത്. സി.ആര്‍.പി.എഫിലെയും പോലീസിലെയും തൊണ്ണൂറിലേറെ അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. സൈനികര്‍ക്ക് തിരച്ചിലിനായി ഒരു റോഡിന്റെ നിര്‍മാണത്തിലേര്‍പ്പെട്ട് മടങ്ങുമ്പോള്‍ രാവിലെ ആറിനും ഏഴിനുമിടയിലാണ് ആക്രമണമുണ്ടായത്.

ചിന്തല്‍നര്‍-തര്‍മെക്‌ല ഗ്രാമത്തിനടുത്തുവെച്ച് സി.ആര്‍.പി.എഫിന്റെ ഒരു വാഹനം നക്‌സലുകള്‍ സേ്ഫാടനത്തില്‍ തകര്‍ത്തു. മറ്റു വാഹനങ്ങളിലുണ്ടായിരുന്നവര്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും തൊട്ടടുത്ത കുന്നുകളില്‍ നിന്നെത്തിയ നൂറുകണക്കിന് മാവോവാദികള്‍ ജവാന്മാരെ വളഞ്ഞിട്ട് തുരുതുരാ വെടിവെക്കുകയായിരുന്നു. മാരകശേഷിയുള്ള 'പ്രഷര്‍ ബോംബുകള്‍' മാവോവാദികള്‍ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. കുഴിബോംബിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സേനാവാഹനം ഈ ബോംബ് പൊട്ടി തകര്‍ന്നു. പ്രഷര്‍ ബോംബ് സേ്ഫാടനമാണ് മരണസംഖ്യ ഉയരാനും കാരണമായത്. നക്‌സലുകളുടെ ശക്തി കേന്ദ്രമായ ഈ വനമേഖലയില്‍ കഴിഞ്ഞ മൂന്നുദിവസമായി സേനാസംഘം തിരച്ചിലും മറ്റും നടത്തിവരികയായിരുന്നു.

75 പേരുടെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായി പോലീസ് ഐ.ജി. ആര്‍.കെ. വിജ് അറിയിച്ചു. ആയിരത്തോളം പേരടങ്ങുന്ന നക്‌സല്‍ സംഘമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങളും പരിക്കേറ്റ എട്ടു സി.ആര്‍.പി.എഫ്. ജവാന്മാരെയും ഹെലികോപ്റ്ററിലാണ് ചികിത്സയ്ക്കായി റായ്പുരിലെത്തിച്ചത്.

ഛത്തീസ്ഗഢിലുണ്ടായ ആക്രമണത്തിനു പിന്നാലെ നക്‌സല്‍പ്രശ്‌നം രൂക്ഷമായ മറ്റുസംസ്ഥാനങ്ങളില്‍ അതിജാഗ്രത പ്രഖ്യാപിച്ചു. മാവോവാദികള്‍ക്ക് ആധിപത്യമുള്ള 'ചുവപ്പ് ഇടനാഴി' വനമേഖലയിലാണ് ആക്രമണമുണ്ടായത്.

നേരത്തേ ആസൂത്രണംചെയ്ത് നടപ്പാക്കിയ ആക്രമണമാണിതെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് പറഞ്ഞു. സി.ആര്‍.പി.എഫ്. ഡയറക്ടര്‍ ജനറല്‍ വിക്രം ശ്രീവാസ്തവ സംഭവസ്ഥലത്തെത്തി. സി.ആര്‍.പി.എഫിന്റെ 62-ാം ബറ്റാലിയനില്‍പ്പെട്ടവരാണ് മരിച്ചവരെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവരില്‍ ഒരു ഡെപ്യൂട്ടി കമാന്‍ഡന്റും ഒരു അസിസ്റ്റന്റ് കമാന്‍ഡന്ററും ഉള്‍പ്പെടുന്നു.

'ഇന്ത്യക്കെതിരായ യുദ്ധം' എന്നാണ് ബി.ജെ.പി. ഛത്തീസ്ഗഢിലെ ആക്രമണത്തെ വിശേഷിപ്പിച്ചത്. നക്‌സലുകള്‍ക്കെതിരായ പോരാട്ടത്തില്‍ തങ്ങള്‍ സര്‍ക്കാറിനൊപ്പം നില്ക്കുമെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്നും ബി.ജെ.പി. വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.