20-May-2013

പിണറായിയുടെ ഹുങ്കും പന്ന്യന്റെ പത്തിയും

പിണറായിയുടെ ഹുങ്കും പന്ന്യന്റെ പത്തിയും
ഓഗസ്‌റ്റ്‌ 17, 2012: ആപത്ത് നേരത്ത് സുഹൃത്തുക്കള്‍ കൂടെ നിന്നില്ലെന്നതിന്റെ അരിശം സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറെ ദിവസമായി തീര്‍ക്കുകയാണ്. ആദ്യം സുഹൃത്തുക്കള്‍ കൂടെ നിന്നില്ലെന്ന പരിഭവത്തില്‍ തുടങ്ങി പിന്നീടത് നിങ്ങളും കൊന്നിട്ടുണ്ടെന്നും, ഞങ്ങളില്‍പ്പെട്ടവരെ തന്നെ നിങ്ങള്‍ കൊന്നിട്ടുണ്ടെന്നുമുള്ള കുറ്റപ്പെടുത്തലുകളുമായാണ് പിണറായി കത്തിക്കയറിയത്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് എല്‍ ഡി എഫിലെ വല്യേട്ടനും ചെറിയേട്ടനും തമ്മില്‍ കണ്ടാല്‍ തല്ലുമെന്ന സ്ഥിതിയിലെത്തി.

ഇരു പാര്‍ട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാര്‍ തമ്മിലുള്ള വാക്ക് പോര് ഇപ്പോള്‍ രണ്ടാംനിര നേതാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. സി പി എമ്മില്‍ കടുത്ത സി പി ഐ വിരോധികള്‍ ആരൊക്കെയാണെന്നും സി പി ഐയിലെ സി പി എം വൈരികള്‍ ആരൊക്കെയെന്നും ഈ പ്രതികരണ-പ്രസ്താവന യുദ്ധങ്ങളില്‍ നിന്ന് വ്യക്തമായി. ഇരു പാര്‍ട്ടി നേതാക്കളുടെയും പ്രസ്താവന വായിച്ചാല്‍ ഇവര്‍ ഇരുകൂട്ടരും ഇത്രയും കാലം പരസ്പരം കെട്ടിപ്പിടിച്ച് ഉമ്മവച്ചുകൊണ്ടിരിക്കുന്നവരാണെന്ന് തോന്നും. പാര്‍ട്ടി എന്ന നിലയില്‍ എല്ലാക്കാലത്തും സി പി ഐക്ക് സി പി എമ്മിനോട് കടുത്ത അസൂയ തന്നെയാണ്. സി പി എമ്മിനാണെങ്കില്‍ സി പി ഐ എന്ന് കേട്ടാല്‍ അടിമുടി ചൊറിച്ചിലും. ഞങ്ങളുടെ ചെലവില്‍ അത്താഴമുണ്ണുന്നവര്‍ ചെലയ്‌ക്കേണ്ടെന്നാണ് സി പി എമ്മുകാരുടെ ഉള്ളിലിരിപ്പ്.

1964ലെ പിളര്‍പ്പില്‍ കേരളം, ബംഗാള്‍ ഘടകങ്ങള്‍ മുഴുവനായും സി പി എമ്മിനൊപ്പം നിലകൊണ്ടതാണ് സി പി എമ്മിന്റെ കരുത്തിന് പ്രധാനകാരണം. അല്ലാതെ പ്രത്യയ ശാസ്ത്ര നിലപാടുകളോ ചൈന-റഷ്യ ശാക്തിക ചേരികളുമായുള്ള കൂറോ അല്ല. കേരളത്തിലും ബംഗാളിലും ശക്തമായ അടിവേരുകളുണ്ടായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. കേരളത്തില്‍ അധികാരത്തിലെത്തുകയും ചെയ്തു.

പിളര്‍ന്നപ്പോള്‍ ആളും അര്‍ത്ഥവും സി പി എമ്മിന്, കുറെ മാന്യന്മാര്‍ സി പി ഐക്ക്. ഇവിടെ അടിച്ചും ഇടിച്ചും വെട്ടിയും കൊന്നും ചത്തും സി പി എം വളര്‍ന്നു. സി പി ഐ എന്ന പാര്‍ട്ടി നേതാക്കളുടെ കുടുംബക്കാര്‍ എന്ന നിലയില്‍ കീഴോട്ട് വളര്‍ന്നു. ദേശീയ തലത്തിലും നേതാക്കളെയും കൂടുതല്‍ സംസ്ഥാന ഘടകങ്ങളെയും സി പി ഐക്ക് കിട്ടിയെങ്കിലും ആളും അര്‍ത്ഥവുമില്ലാത്തിടത്ത് നാല് പാര്‍ട്ടിക്കാരുണ്ടായിട്ട് കാര്യമൊന്നുമില്ലെന്ന് സി പി ഐയുടെ ഇന്നത്തെ നിലയില്‍ നിന്ന് വ്യക്തമാണ്. എന്നുമുതലാണ് സി പി എമ്മും സി പി ഐയും പിണറായി പറയുന്നതുപോലെ സുഹൃത്തുക്കളായത്? 64ലെ പിളര്‍പ്പിന് ശേഷം അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ തട്ടിയെടുക്കാനുള്ള നീക്കുപോക്കുകളൊഴിച്ചാല്‍ എന്ത് കാര്യത്തിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ഗുണപരമായ സൗഹാര്‍ദ്ദവും ജനനന്മ അടിസ്ഥാനമാക്കി യോജിപ്പും ഉണ്ടായിട്ടുള്ളത്? ആണവക്കരാറില്‍ സി പി എമ്മിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയതൊഴിച്ചാല്‍ ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ഇരുപാര്‍ട്ടികളും തമ്മില്‍ എന്ത് ഐക്യമാണുണ്ടായിട്ടുള്ളത്?

സി പി എമ്മിന്റെ എക്കാലത്തെയും വലിയ ശത്രു സംശയിക്കേണ്ട, സി പി ഐ തന്നെയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന ഘടകങ്ങളിലെ സഖാക്കള്‍ നെഞ്ചത്ത് കൈവച്ച് പറയട്ടെ സി പി ഐക്കാര്‍ ഞങ്ങളുടെ സുഹൃത്തുക്കളാണെന്ന്! കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെയും അധികാരം പങ്കിടലിന്റെയും കാര്യത്തിലൊഴിച്ച് ഇന്ത്യാ മഹാരാജ്യത്ത് സി പി എമ്മുകാര്‍ക്ക് സി പി ഐക്കാരെ പുല്ലുവിലയാണ്. സി പി ഐക്കാരാകട്ടെ അവസരം നോക്കി സി പി എമ്മിന്റെ കരണത്തിനടിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയുമാണ്.

കേരളത്തിലെ സി പി ഐക്കാരില്‍ നല്ലൊരുശതമാനം പേര്‍ ഇടതുമുന്നണി ഉണ്ടായതിന് ശേഷം ഇന്നേവരെ സി പി എം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ട, അത് പച്ചപ്പരമാര്‍ത്ഥമാണ്. ഇത് നന്നായി അറിയാവുന്ന സി പി എമ്മുകാര്‍ ഒരൊറ്റ തെരഞ്ഞെടുപ്പില്‍ പോലും സി പി ഐക്കാരെ കണ്ണടച്ച് വിശ്വസിക്കുകയോ നിര്‍ണായകമായ തീരുമാനങ്ങളിലും നടപടികളിലും പങ്കാളികളാക്കുകയോ രഹസ്യങ്ങള്‍ പങ്കുവയ്ക്കുകയോ ചെയ്യില്ല. അവര്‍ കാലുവാരുമെന്ന് സി പി എമ്മുകാര്‍ക്ക് കൃത്യമായറിയാം. എന്നാല്‍ അധികാരത്തിലെത്താന്‍ മുന്നണി എന്ന നിലയില്‍ സി പി ഐ ഉള്‍പ്പെടെ എല്ലാ ഘടകകക്ഷികളുടെയും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സി പി എമ്മുകാര്‍ തന്നെയാണ് മുന്നിട്ടിറങ്ങുന്നതും. അതിന്റെയൊക്കെ അരിശമാണ് പിണറായി ഇപ്പോള്‍ തീര്‍ക്കുന്നത്.

ദേശീയതലത്തിലും സംസ്ഥാന തലത്തിലും പ്രദേശിക തലത്തിലും രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും കമ്മ്യൂണിസ്റ്റ് ഐക്യം അഥവാ കമ്മ്യൂണിസ്റ്റ് ഏകീകരണം എന്ന നിലവിളി ഇടയ്ക്കിടെ സി പി ഐ നേതാക്കള്‍ പുറപ്പെടുവിക്കുന്നത് കേള്‍ക്കാം. ഇത് ഒരിക്കലും സാധ്യമാകില്ലെന്ന ഉറച്ച വിശ്വാസം ഇരു പാര്‍ട്ടികള്‍ക്കുമുണ്ടെങ്കിലും സി പി ഐക്കാര്‍ പൊതുവേ മാന്യന്മാരാണെന്ന് സ്വയം നടിക്കുന്നതിനാല്‍ ഇടയ്ക്കിടെ ഇത് പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ അയ്യോപാവം ഇമേജ് മുന്നോട്ടുകൊണ്ടുപോവുകയാണ്.

ഇപ്പോള്‍ പിണറായി വിജയനെ പരസ്യമായി വെല്ലുവിളിക്കുന്ന സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഒരഞ്ചുകൊല്ലം മുമ്പുവരെ എ കെ ജി സെന്റര്‍ എന്ന് കേട്ടാല്‍ മടക്കിക്കുത്തിയ മുണ്ട് അഴിച്ചിട്ടിരുന്ന ആളാണ്. പിണറായിയെ കണ്ടാല്‍ ഓച്ഛാനിച്ച് നില്‍ക്കുമായിരുന്നു. കൊടും സി പി എം വിരോധികളായ സി പി ഐ ദേശീയ നേതാക്കളോടൊപ്പം പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ച സി കെ ചന്ദ്രപ്പന്‍ കേരളത്തില്‍ കാലെടുത്ത് കുത്തിയത് മുതലാണ് സി പി ഐയിലെ ബഹുഭൂരിപക്ഷം നേതാക്കള്‍ക്കും അണികള്‍ക്കും മീശ മുളച്ചത്.

എ കെ ജി സെന്ററിനേക്കാള്‍ വലിപ്പവും കരുത്തും എം എന്‍ സ്മാരകത്തിനുണ്ടെന്ന ധാരണ കെട്ടിപ്പൊക്കിയ ചന്ദ്രപ്പന്‍ മാജിക്കില്‍ നിന്ന് സി പി ഐക്കാര്‍ ഇതുവരെ പുറത്തുകടന്നിട്ടില്ല. പന്ന്യനെയും ചന്ദ്രപ്പന്‍ ആവേശിച്ചിരിക്കുകയാണ്. അഥവാ പന്ന്യന്‍ ചന്ദ്രപ്പന് പഠിച്ച് പാര്‍ട്ടിക്കാരുടെ കയ്യടി നേടുകയാണ്. പത്രങ്ങളിലും ചാനലുകളിലും പേരും പടവും വാര്‍ത്തയും വരാന്‍ ഇത്ര നല്ലൊരു സന്ദര്‍ഭമില്ലെന്ന് പന്ന്യനും കൂട്ടര്‍ക്കുമറിയാം. ഇങ്ങനെയെങ്കിലും പാര്‍ട്ടി വളരുന്നെങ്കില്‍ വളരട്ടെ എന്നാണ് സി പി ഐ നേതാക്കളുടെ മനസിലിരുപ്പ്. പന്ന്യന്‍ പറയുന്നതിലും കാര്യമുണ്ട്, സി പി എമ്മുകാര്‍ ചെയ്യുന്ന കൊലകള്‍ക്കും ഹര്‍ത്താലുകള്‍ക്കും പെണ്ണുപിടിക്കും സ്തുതിപാടാന്‍ ഒരു പട്ടിയെപ്പോലും കിട്ടില്ല, പിന്നെയാണ് സി പി ഐക്കാര്‍. സി പി ഐക്കാര്‍ ഇപ്പോള്‍ പത്തിനോക്കി അടിക്കുകയാണെന്ന് സഖാവ് പിണറായിക്കും അറിയാം.


Other stories from this section