തോല്‍വിക്ക് ഉത്തരവാദി വി.എസ് എന്ന് സി.പി.എം സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പൂര്‍ണ ഉത്തരവാദി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശം. സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിലെ വലതുപക്ഷ വ്യതിയാനം വിശദീകരിച്ച് വി.എസ് അയച്ച കത്തിലും കേന്ദ്ര കമ്മിറ്റിയില്‍ നടത്തിയ പ്രസംഗത്തിലും ഉന്നയിച്ച വിഷയങ്ങളെയും സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷംവരുന്ന ഒൗദ്യോഗികപക്ഷ അംഗങ്ങള്‍ വിമര്‍ശിച്ചു.
കേന്ദ്ര നേതൃത്വത്തില്‍നിന്നത്തെിയ പി.ബി അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ സ്വഭാവം തീര്‍ത്തും ഏകപക്ഷീയമായിരുന്നു.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ വോട്ടെടുപ്പ് ദിവസം വരെ നടത്തിയ പരസ്യ പ്രസ്താവനകളും നടപടികളുമാണ് പാര്‍ട്ടിയെ തോല്‍പ്പിച്ചത്. പാര്‍ട്ടിയില്‍നിന്ന് കാലുമാറി കോണ്‍ഗ്രസില്‍ ചേക്കേറിയ ശെല്‍വരാജിനെതിരെ മണ്ഡലത്തില്‍ കടുത്ത വികാരം നിലനിന്ന സാഹചര്യത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിയുമായിരുന്നു.
എന്നാല്‍ ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തി വി.എസ് നടത്തിയ പരസ്യപ്രസ്താവനകള്‍ യു.ഡി.എഫിനും മാധ്യമങ്ങള്‍ക്കും സി.പി.എമ്മിനെതിരെ വിജയകരമായി പ്രയോഗിക്കാന്‍ കഴിഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ദിവസം വി.എസ് നടത്തിയ ചന്ദ്രശേഖരന്‍െറ വീടുസന്ദര്‍ശനം അവസാനത്തെ ആണിയടിക്കലായിരുന്നു. രാവിലെ 11 മുതല്‍ ഉച്ചവരെ നടന്ന ചര്‍ച്ചയില്‍ നെയ്യാറ്റിന്‍കരയിലെ പരാജയമായിരുന്നു വിഷയം.
കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് സംസ്ഥാന നേതൃത്വത്തിന്‍െറ നിലപാടില്‍നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ച തോമസ് ഐസക്ക് ഉള്‍പ്പെടെ വി.എസിനെ നിശിതമായി വിമര്‍ശിക്കുകയായിരുന്നു. പി.കെ. ഗുരുദാസന്‍, പി.കെ. ശ്രീമതി എന്നിവര്‍ മാത്രമാണ് വി.എസിന്‍െറ നിലപാടുകളോട് കുറച്ചെങ്കിലും അനുഭാവം പുലര്‍ത്തിയത്.
ഉച്ചക്കുശേഷം ആരംഭിച്ച യോഗത്തില്‍ സി.പി.എമ്മിലെ വലതുപക്ഷ വ്യതിയാനം ഉന്നയിച്ച് പി.ബിക്ക് വി.എസ് നല്‍കിയ കത്തും കേന്ദ്ര കമ്മിറ്റിയില്‍ ഉന്നയിച്ച വിഷയവും ചര്‍ച്ചക്കെടുത്തെങ്കിലും ഒൗദ്യോഗികപക്ഷം അദ്ദേഹത്തിന്‍െറ നിലപാടുകളെ തള്ളുകയായിരുന്നു.
എ.ഡി.ബി വായ്പ, പി.ഡി.പി ബാന്ധവം, ലീഗ്, ഡി.ഐ.സി ബന്ധം എന്നിവയെല്ലാം പാര്‍ട്ടി നേരത്തെ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതായിരുന്നെന്നാണ് സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം ഗോപി കോട്ടമുറിക്കലിന്‍െറ സദാചാരവിരുദ്ധ പ്രവര്‍ത്തനവും അദ്ദേഹം എറണാകുളം ജില്ലയിലെ വി.എസ് പക്ഷ നേതാക്കള്‍ക്കെതിരെ കഴിഞ്ഞദിവസം നടത്തിയ പരസ്യ ആരോപണവും ചര്‍ച്ച ചെയ്യണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
ഞായറാഴ്ച സെക്രട്ടേറിയറ്റില്‍ സംസാരിച്ച വി.എസ്, എ.ഡി.ബി കരാറില്‍ തോമസ് ഐസക്കിന്‍െറ നേതൃത്വത്തില്‍ ഉയര്‍ത്തിയ വാദം മുതല്‍ ടി.പി വധത്തിലെ പാര്‍ട്ടി പങ്കുവരെ എടുത്തുപറഞ്ഞിരുന്നു.
എ.ഡി.ബി വായ്പ ഇല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ളെന്ന് പറഞ്ഞ് കടമെടുത്തിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ട് അഞ്ച് ശതമാനം പോലും ചെലവഴിച്ചില്ളെന്ന് വി.എസ് ആരോപിച്ചു. പി.ഡി.പി, ലീഗ്, ഡി.ഐ.സി ബന്ധത്തിനായി നയവ്യതിയാനം നടത്തി.
ജനതാദളിനെ പുറത്തേക്കുള്ള വഴി കാട്ടി മുന്നണിയെ ശിഥിലീകരിച്ചു. നയ വൈകല്യത്തിനെതിരെ സംസാരിക്കുന്നവരെ പുറത്താക്കുന്നു. മറുവശത്ത് ദേശാഭിമാനിയുടെയും കൈരളിയുടെയും ശമ്പളം പറ്റുന്നവരെയും ചില നേതാക്കളെയും കൊണ്ട് തനിക്കെതിരെ പരസ്യ പ്രസ്താവന നടത്തിക്കുന്നു.
അത് അച്ചടക്കലംഘനമല്ളെന്ന നിലപാടാണ് നേതൃത്വത്തിന്. ടി.പി വധത്തില്‍ കണ്ണൂരിലെ ഏരിയാ കമ്മിറ്റികളിലെ മൂന്നംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. സംഘടനാസംവിധാനം ഉപയോഗിച്ച് രണ്ട് ജില്ലകളിലുള്ളവര്‍ ഏകോപിച്ച് പ്രവര്‍ത്തിച്ചു. ലാവലിന്‍ കേസ് മുതല്‍ കോടതിയെയും മറ്റ് അന്വേഷണത്തെയും അംഗീകരിക്കില്ളെന്ന അപചയവും പാര്‍ട്ടിയില്‍ വന്നുവെന്നും അച്യുതാനന്ദന്‍ പറഞ്ഞു.
ഇന്നുമുതല്‍ രണ്ട് ദിവസം ചേരുന്ന സംസ്ഥാന സമിതിയും ഈ വിഷയം ചര്‍ച്ച ചെയ്യും.